ഡാളസ്: ഡാളസ് മാർത്തോമ സമൂഹത്തിൻ്റെ ഐക്യത്തിലും സ്നേഹത്തിലും സന്തോഷം പ്രകടിപ്പിച്ച് നോർത്ത് അമേരിക്കൻ ഭദ്രാസനാധിപൻ റൈറ്റ് റെവ. ഡോ. എബ്രഹാം മാർ പൗലോസ് തിരുമേനി. പതിനെട്ടാമത് സന്നദ്ധ സുവിശേഷ സംഘം കോൺഫറൻസിൻ്റെ സമാപന ദിവസം നടന്ന ആരാധനാമധ്യേ സംസാരിക്കുകയായിരുന്നു തിരുമേനി.
ഡാളസ് മണ്ണിൽ മാർത്തോമ സഭയുടെ സാന്നിധ്യം അമ്പതാം വർഷത്തിലേക്ക് പ്രവേശിക്കുന്ന വേളയിൽ, ഓഗസ്റ്റ് 23ന് നടന്ന സംയുക്ത വിശുദ്ധ കുർബാന സഭയുടെ വളർച്ചയുടെയും ആത്മീയ ഉണർവിന്റെയും വിളംബരമായി മാറി. ഡാളസ് സെൻ്റർ ’എ’യിൽ ഉൾപ്പെട്ട ഇടവകകളിൽ നിന്നും വികാരിമാരുടെ നേതൃത്വത്തിൽ ആയിരത്തിലധികം വിശ്വാസികളാണ് ഭക്തിസാന്ദ്രമായ ശുശ്രൂഷകളിൽ പങ്കുചേർന്നത്.
ഡാളസിലെ വിശ്വാസി സമൂഹം ഒരു മനസോടെ ദൈവത്തെ ആരാധിക്കാൻ ഒത്തുചേർന്നത്, പ്രത്യേകിച്ച് തൻ്റെ ജന്മദിനത്തിനോടനുബന്ധിച്ചുള്ള ഈ ദിവസങ്ങളിൽ, ഭദ്രാസനാധിപൻ എന്ന നിലയിൽ തനിക്ക് ലഭിച്ച ഏറ്റവും വലിയതും അർത്ഥപൂർണവുമായ സമ്മാനമാണെന്ന് തിരുമേനി തൻ്റെ സന്ദേശത്തിൽ വികാരനിർഭരമായി പങ്കുവച്ചു. നേതൃത്വം നൽകിയ എല്ലാ വികാരിമാർക്കും ഇടവക ചുമതലക്കാർക്കും തിരുമേനി പ്രത്യേക നന്ദി രേഖപ്പെടുത്തി.
ആരാധനയിലെ യുവജനങ്ങളുടെ സജീവ പങ്കാളിത്തവും സമർപണവും ഏറെ ശ്രദ്ധേയമായി. ശുശ്രൂഷകളിൽ സഹായിക്കാൻ പ്രത്യേക പരിശീലനം ലഭിച്ച അൾത്താര ബാലന്മാരുടെ (Altar Boys) സജീവ സാന്നിധ്യത്തെ തിരുമേനി പ്രശംസിച്ചു. അമേരിക്കയിൽ ജനിച്ചുവളർന്ന പുതുതലമുറ സഭയുടെ ആത്മീയ നേതൃത്വത്തിലേക്കും ശുശ്രൂഷകളിലേക്കും കടന്നുവരുന്നത് മാർത്തോമാ സഭയുടെ ഭാവിക്ക് വലിയ പ്രത്യാശ പകരുന്നതാണെന്ന് തിരുമേനി ചൂണ്ടിക്കാട്ടി.
ആരാധനയ്ക്കു ശേഷം നടന്ന അൾത്താര ബാലന്മാരുടെ സംഗമം തങ്ങൾക്ക് വേറിട്ടൊരു അനുഭവമായിരുന്നുവെന്ന് പങ്കെടുത്ത യുവജനങ്ങൾ അഭിപ്രായപ്പെട്ടു. ഡാളസ് മാർത്തോ വിശ്വാസ സമൂഹത്തിന് നന്മകളും പ്രാർഥനശംസകളും നേർന്ന തിരുമേനി, ഭദ്രാസനത്തിൻ്റെ എല്ലാവിധ പിന്തുണയും വാഗ്ദാനം ചെയ്തുകൊണ്ടാണ് സന്ദേശം ഉപസംഹരിച്ചത്.